മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് മ്യൂസിയത്തിൽവെച്ചാൽ ലക്ഷങ്ങള്‍ കാണാനെത്തും;വിറ്റാൽ ഇരട്ടി വില കിട്ടും-എകെബാലന്‍
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒരു കോടി വിലയുള്ള ആഡംബര ബസിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ രംഗത്ത്.നവ കേരള സദസിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുമെന്നും അതിലൊന്നാണ് ബസ്സിനെതിരായ വിവാദമെന്നും എ കെ ബാലൻ പറഞ്ഞു.ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണ്. ഇപ്പോൾ തന്നെ ബസ് വാങ്ങാൻ ആളുവന്നിട്ടുണ്ട്. ബസ് ടെൻഡർ വിളിച്ച് വിറ്റാൽ ഇരട്ടി വില കിട്ടും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരും. ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിനിപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കളാണുള്ളത്.രാവിലെ മുതൽ ഉച്ച വരെ വി ഡീ സതീശൻ, ഉച്ചക്ക് ശേഷം രമേശ് ചെന്നിത്തല, രാത്രി കെ സുരേന്ദ്രന്‍ എന്നതാണ് സ്ഥിതി.മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പാടില്ല അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നത് എന്ത് വാദമാണെന്നും അദ്ദേഹം ചോദിച്ചു