വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യണോ?; ഇനി ഗൂഗിളിന് പണം നല്‍കേണ്ടി വരും
ഇനി മുതല്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്താല്‍, അത് സ്റ്റോറേജ് സ്പെയ്സിന്റെ ഭാഗമായി തന്നെ കണക്കാക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക. ഈ മാറ്റം 2024 പകുതിയോടെയായിരിക്കും നിലവില്‍ വരുക. ഇതുവരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ക്ലൗഡില്‍ സേവ് ചെയ്യാനായി ഗൂഗിള്‍ അക്കൗണ്ട് മാത്രം ലിങ്ക് ചെയ്താല്‍ മതിയായിരുന്നു. ചാറ്റ് ബാക്കപ്പുകള്‍ സൗജന്യമായാണ് ഇതുവരെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഐഒഎസില്‍ ചാറ്റ് ബാക്കപ്പുകള്‍ ഐ ക്ലൗഡ് സ്റ്റോറേജിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. ഇനി മുതല്‍ ആന്‍ഡ്രോയ്ഡിലും സമാനമായ രീതിയിലാകും സ്റ്റോര്‍ ചെയ്യപ്പെടുക
ബാക്കപ്പ് ചെയ്യുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഡയറക്ട് സ്റ്റോര്‍ ചെയ്യപ്പെടും. ഫയല്‍ സൈസിന് അനുസരിച്ച് ഗൂഗിള്‍ നല്‍കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിലാകും കണക്കാക്കുക. ഇത് തീര്‍ന്നു പോയാല്‍ വാട്‌സ്ആപ്പ് ബാക്കപ്പിനായി ചില ഫയലുകള്‍ ക്ലൗഡില്‍ നിന്ന് ഡിലീറ്റ് ചെയ്യേണ്ടി വരും. സ്റ്റോറേജ് ഫുള്ളായാല്‍ 100 ജിബിക്ക് മാസം 130 രൂപ വെച്ച് ഗൂഗിളിന് പണമടയ്‌ക്കേണ്ടി വരും.