ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഗവര്‍ണ്ണര്‍ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതകാലം വൈകിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആക്ഷേപം. സര്‍വകലാശാല നിയമ ഭേദഗതി, പൊതുജനാരോഗ്യ സംരക്ഷണ ബില്‍ തുടങ്ങിയ എട്ട് ബില്ലുകളില്‍ ഒപ്പിടാന്‍ രണ്ട് വര്‍ഷത്തോളം വൈകി. ഇത് ജനപ്രതിനിധികളുടെ സഭയായ നിയമസഭയെ വെല്ലുവിളിക്കുന്നതാണ്.
ഗവര്‍ണ്ണര്‍ എത്രയും വേഗം തീരുമാനമെടുക്കണം എന്നതില്‍ സമയപരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതാണ് സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഹര്‍ജി. ഗവര്‍ണ്ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കേരളത്തിന്റെ ഹര്‍ജിക്ക് പിന്നാലെ സുപ്രിംകോടതി പരിഗണിക്കും